Saturday, 20 October 2018



പിൻനിലാവ്

രാവിന്റെ യാമങ്ങളിൽ കുളിരും കൊണ്ടു വന്നു നീ
ഒപ്പം അൽപ്പം സ്നേഹവും കൂടെ പ്രതീക്ഷയും
അന്തരാത്മാവിന്റെ ആഴങ്ങളിൽ
നീലാംബരങ്ങൾ നിറച്ചവൾ നീ
ഒരുപാടൊരുപാട് ഓർമ്മകൾ തൻ
മണിമന്ദിരം തീർത്തു തന്നവൾ നീ.
നിദ്രതൻ ശയ്യയിൽ വീണിടാതെ
നിർവികാരനായ് നിന്നെ നോക്കി നിൽക്കെ,
തൂവെൺമയോലും നിൻ കിരണങ്ങളിൽ
നീരാടി നിശ്ചലനായി നിൽക്കെ,
പരിചിതമാം നിൻ വെൺരശ്മികൾ
പതിയുന്ന നേരം ഞാൻ ചാരിതാര്‍ത്ഥ്യൻ
നിഴലുകൾ നീന്തും നിൻ വഴികൾ നോക്കി
പിന്നിട്ട ജീവിത പാതകൾ തേടി,
അറിയാതെ അണയുന്നു ശാന്തിതീരം
തേടലും തേങ്ങലും തീർന്നപോലെ.
പകലിന്റെ മിഴിയിലെ തെളിമയേക്കാൾ
അറിയുന്നു നിൻ മിഴിയിലെ മങ്ങലിനെ
ഒരുപാട് ചോദ്യത്തിനുത്തരമായ്
നീ കാത്തു വച്ചോരു മൂകതയെ.
കുലകുലയായ് സമർപ്പിപ്പൂ നന്ദിതൻ മലരുകൾ
എന്നിൽ നീ ചാർത്തിയ കാൽപാടുകളിൽ.

Tuesday, 23 August 2011


          മഴയുടെ സംഗീതം 

മണ്ണിലായ് പെയ്തിറങ്ങുന്നു പുതുമഴ
ഭൂവിനൊരു നവജീവനമേകുവാന്‍
അയച്ചതാകാമിവയെ മഹേശ്വരന്‍
അണയ്ക്കുവാനായ് ഭൂവിന്റെ അന്തതാപത്തെ. 

പെയ്തിറങ്ങുന്നവ മണ്ണിന്‍റെ മാറിലായ്
ജീവചക്രത്തിന്‍ തുടിപ്പാകുവാന്‍.
പെയ്തിറങ്ങുന്നവ അമൃതധാരയായ് 
പുതിയൊരു യൗവനം മണ്ണിനെകാന്‍.


ആനന്ദനൃത്തം ചവിട്ടുന്നു ജാലങ്ങള്‍
ആഹ്ലാദമത്തരായ് സ്വീകരിപ്പൂ.
ചേര്‍ത്തണയ്ക്കുന്നീ ജീവവര്‍ഷിണിയെ 
തന്റെ മാരോടും മനസ്സിനോടും.


വാഴ്വിന്റെ തീര്‍ത്ത കാലത്തിന്റെ താളുകള്‍
നീളെ നനച്ചുക്കൊന്ടെത്തിയ മാരിയില്‍
പഴയ മണ്ണിന്റെ ഗന്ധമായ് ഇന്നുമെന്‍
നാസികതുമ്പിലണയുന്നൊരോര്‍മ്മകള്‍.


അന്നുഞാനുമൊരു കുഞ്ഞുപൈതലായ്
അമ്മതന്‍ കൈവിരല്‍ തുമ്പുപിടിച്ചുകൊണ്ട-
ന്നത്തെ സന്ധ്യയില്‍  നാമം ജപിച്ചതും ,
അന്നെനിക്കമ്മയേകിയോരന്നത്തില്‍ 
സ്വാദിനായ് ചേര്‍ത്ത സ്നേഹവാല്സല്യവും
ഇന്നുമോര്‍ക്കുന്നു ഞാനാ ദിനങ്ങളെ
പുണ്യമായ്  ചേര്‍ന്നൊരാമുഹൂര്‍ത്തങ്ങളെ.

ആദ്യമായ് ഇതളിട്ട പ്രണയ പുഷ്പത്തിലും
മായാത്ത സാന്നിധ്യമായ്  മാരിപെയ്തതും, 
ആദ്യത്തെ ചുംബനചൂടിന്റെ താപത്തെ
കുളിര്‍പിച്ചുതാപത്തെ തീരെ വറ്റിച്ചതും,
ഇന്നുമോര്‍ക്കുന്നു ഞാനാ മുഖങ്ങളെ
പുണ്യമായ്  ചേര്‍ന്നൊരാമുഹൂര്‍ത്തങ്ങളെ.

ഇതുകണക്കെത്ര   ജീവിതത്താരയില്‍
മൂകസാക്ഷിയായ് നില്‍ക്കുന്നു വര്‍ഷവും
ഇനിയുമെത്രയോ സുമുഹൂര്‍ത്തങ്ങളില്‍
മായാത്ത മൂകസംഗീതമാകുവാന്‍.


ഒരു പ്രേമലേഖനം


ആയിരം സൂര്യനാളങ്ങള്‍ ഒന്നായി പ്രവഹിച്ച
പ്രണയത്തിന്റെ തീക്ഷ്ണതയെ ഇന്ന് ഞാനറിയുന്നു.
മറന്നുപോയ സന്തോഷത്തിന്‍റെ തിരിച്ചുവരവും
പടിയിറങ്ങിയ സ്നേഹത്തിന്‍റെ തലോടലും
വീണ്ടും എന്നില്‍ തിരിച്ചെത്തിയിരിക്കുന്നു.

ഇനിയൊരിക്കലും പൂക്കില്ലെന്നുറപ്പിച്ച,
ഇനിയൊരിക്കലും പടികടന്നെത്തില്ലെന്നുകരുതിയ
പ്രണയത്തിന്‍റെ പൂക്കള്‍ തളിരിട്ടതും,
കായ്ച്ചതും,പഴുത്തതും ഞാനറിഞ്ഞു.

മനസിന്‍റെ ഏതോ കോണിലൊളിച്ചുപോയ
ഞാനെന്ന മനുഷ്യനെ ഞാന്‍ കണ്ടെത്തുകയായി.
ഇന്ന് ഞാന്‍ അറിയുന്നു എന്‍റെ എല്ലാ വികാരങ്ങളെയും,
എല്ലാ സ്വപ്നങ്ങളെയും, എല്ലാ ഇഷ്ടങ്ങളെയും.

നിന്നിലെക്കണയുവാന്‍   ഏറെ കൊതിക്കുന്ന   
ഒരു ചെറു മണല്‍തരിയായി ഞാന്‍ മാറുകയാണോ?
അതോ പോയ ജന്മത്തിന്‍റെ  കര്‍മബന്ധനങ്ങള്‍
അവളിലെക്കടുക്കുവാന്‍ എന്നെ പ്രേരിപ്പികുന്നതോ?

ഇന്ന് ഞാന്‍ കാണുന്നതെല്ലാം അഴകുള്ളതുപോലെ,
കേള്‍ക്കുന്നതെല്ലാം  മധുരമുള്ളതു പോലെ.
ഒരിക്കലും ഇഷ്ടപെടില്ലെന്നു വിചാരിച്ച കാര്യങ്ങള്‍ പോലും
ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പ്രണയത്തിന്‍റെ ലഹരി എന്നെ മുക്കുന്നതും
ഞാന്‍ അതിലേക്കു ആണ്ടുപോകുന്നതും
നീ കാണുന്നില്ലേ  എന്‍റെ ദൈവമേ!!
എന്തുകൊണ്ട് നീയെന്നെ തടുക്കുന്നില്ല?
അതോ നിന്‍റെ ഹിതവും ഇത് തന്നെയാണോ??